2014, മാർച്ച് 19, ബുധനാഴ്‌ച

പേരിടാത്ത കഥയിൽ നിന്നൊരു ഭാഗം .......



ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന പേരിടാത്ത കഥയിൽ നിന്നൊരു ഭാഗം .......
വള്ളുവനാടൻ ഗ്രാമങ്ങൾ എന്റെ ഒരു ദൌർബല്യമാണ് ....
അതുകൊണ്ട് ഞാൻ എന്റെ എല്ലാ കഥകളിലും കുറച്ചെങ്കിലും ആ ഗ്രാമങ്ങളെ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട് ....
വായിച്ചു നോക്കി തെറ്റ് കുറ്റങ്ങൾ പറഞ്ഞുതരുമല്ലോ ....

..............................................................
രാത്രിയുടെ നിശബ്ധതക്ക് ഒന്നുകൂടി ആക്കമിട്ടുകൊണ്ട് ശ്മശാന പറമ്പിൽ നിന്നുമാകണം ഒരു നത്ത് കരഞ്ഞുകൊണ്ടേയിരുന്നു ....
കാതടപ്പിക്കുന്ന സ്വരം ..........
മരണം കാണുന്ന പക്ഷിയാണ് നത്തെന്ന്  മുത്തശ്ശൻ പണ്ട് പറയാറുണ്ട്‌ ...
ചെറുപ്പത്തിൽ അതിന്റെ കരച്ചിൽ കേൾക്കുമ്പോഴേക്കും താൻ മുത്തശനെ വട്ടം പിടിച്ചു കിടക്കും ...
അപ്പോൾ മുത്തശ്ശന്റെ കൈകൾ തന്റെ മുടിയിഴകളിലുടെ സാവധാനം ചലിച്ചുകൊണ്ടിരിക്കും ...
ആ സുഖത്തിൽ എത്ര പെട്ടെന്നാണ് ഉറങ്ങിപോകാറുള്ളത് ...
" ഉണ്ണ്യേ .....നത്തിന്റെ കരച്ചിൽ കുട്ടിക്കിപ്പഴും പേടീണ്ടോ ...?"  മുത്തശൻ ഉറങ്ങിയിട്ടില്ല..
" ഇല്ല്യ  മുത്തശ്ശാ .."
" മുത്തശ്ശൻ വരണോ കൂട്ടിന് ... അല്ലെങ്കില്  ഇങ്ങോട്ട് വന്നോളു ..." മുത്തശ്ശൻ പറഞ്ഞു.
നാണം തോന്നിയെങ്കിലും, മുത്തശ്ശനെ കെട്ടിപിടിച്ചു കിടന്ന രാത്രികൾ ഓര്മ്മ വന്നു.
എണീറ്റ്‌ മുത്തശ്ശന്റെ അടുത്ത് ചെന്ന് കിടന്നാലോ ....
ആഗ്രഹം അടക്കാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ പതുക്കെ എഴുനേറ്റു....
" മുത്തശ്ശാ ...ഞാനും കിടന്നോട്ടെ മുത്തശ്ശന്റെ കൂടെ ...? "
" ഇക്കറിയാം ന്റെ കുട്ടി ഇങ്ങട് വരുംന്ന് ......" മുത്തശ്ശൻ പറഞ്ഞു
മുത്തശ്ശനെ വട്ടം ചുറ്റിപിടിച്ചു കിടന്നു ...
നത്തിന്റെ കരച്ചിലിന് വേഗത കൂടിയപ്പോൾ മുത്തശ്ശൻ ഒന്നുകൂടി തന്നെ ചേർത്തി കിടത്തികൊണ്ട് പറഞ്ഞു
" ന്റ കുട്ടി ഒറങ്ങിക്കോള് ന്ടുട്ടോ ..."
തന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നപോലെ തോന്നി .
" മുത്തശ്ശാ .....ശിവശങ്കരമാമ ഇത്തവണ വരുവോ ഇങ്ങട് ...."
....................................................
മുത്തശൻ ഉറങ്ങ്യോ ഇത്ര പെട്ടെന്ന് ? മറുപടിയൊന്നും പറഞ്ഞില്ലല്ലോ .......
" ഇല്ല ഉണ്ണ്യേ ...." മുത്തശന്റെ തൊണ്ട ഇടറിയപോലെ തോന്നി ...
" മുത്തശ്ശാ ...എന്താ പറ്റീത് ...? "
ഞാൻ ചോദിച്ചത് മുത്തശ്ശന് ഇഷ്ട്ടമായില്ലെന്നുണ്ടോ ...
" സോറി മുത്തശ്ശാ "
" അതല്ല കുട്ട്യേ ......ശിവശങ്കരമാമേ കണ്ടോര്മ്മേണ്ടോ കുട്ടിക്ക് ...?
ശരിയാണ്....ഞാൻ കുട്ടിയായിരുന്നപ്പോഴാണ് മുത്തശ്ശനുമായി ഒരു ദിവസം വഴക്കിട്ട് ശിവശങ്കരമാമ ബോംബെക്ക് പോയത് ..
പിന്നെ മാമ്മേടെ കല്യാണമൊക്കെ അവിടെ തന്നെയായിരുന്നുവെന്നും, ഒരു ഹിന്ദിക്കാരിയാണ് ഭാര്യയെന്നുമൊക്കെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട് ...
രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപ് മുതൽ മാത്രമാണ് മാമ തനിക്ക് പുതുവര്ഷം ആശംസിച്ചുകൊണ്ട് കാർഡുകൾ അയച്ചു തുടങ്ങിയത് ..
നല്ല സ്നേഹമാണ് മാമ്മക്ക് തന്നോട് ...
നല്ലപോലെ വെളുത്ത് , അധികം ഉയരമില്ലാത്ത, എപ്പോഴും ചിരിച്ച മുഖവുമായിട്ടെ മാമയെ കണ്ടിട്ടുള്ളു ...
" ഉണ്ണ്യേ ...."
" എന്താ മുത്തശ്ശാ .....എന്തെ ഒരു വിഷമം മുത്തശ്ശന് ....മാമ്മയായിട്ട്  മുത്തശ്ശൻ  വീണ്ടും പിണങ്ങ്യോ .."
" ഏയ്‌...അതൊന്നുല്ല കുട്ട്യേ ... ഉണ്ണീട മാമ്മക്ക് വല്യോരസുഖാത്രേ ..."
മുത്തശ്ശൻ വളരെ പതുക്കെയാണത് പറഞ്ഞത് ...ചെവിയിൽ മന്ത്രിക്കുംപോലെ ...
" വല്യേ അസുഖോ ...അതെന്തസുഖാ മുത്തശ്ശാ ..."
" ഉണ്ണിതാരോടും പറയണ്ടാട്ടോ .....മുത്തശ്ശ്യോന്നും അറിഞ്ഞിട്ടില്ല്യ ...മാമെടെ കുട്ട്യോല്ക്കും അറിയില്ല്യ ...പറഞ്ഞിട്ടില്ല്യുതുവരെ ...മാളൂന്ന്
ഏതാണ്ട് ചെറുതായിട്ടൊകകാരിയാന്നു സംശണ്ട് .."
" ഡോക്ടറെ കാണിച്ചിട്ടില്ലേ മുത്തശ്ശാ ..."
ഡോക്കിട്ടർമാരൊക്കെ ന്റ കുട്ടീന കയ്യോഴിഞ്ഞുത്രേ ...കണ്ടു പിടിക്കാൻ വൈകീത്രേ ...കണ്ടുപിടിച്ചപ്പോഴക്കും സമയോം വൈകീത്രേ .."
തൊണ്ടയിൽ എന്തോ കുരുങ്ങിയപോലെ തോന്നി ...
ഒന്നും മിണ്ടാൻ കഴിയാത്ത പോലെ ...മുത്തശ്ശന്റെ എങ്ങലടി തന്നെ ഒന്നുകൂടി പരവശനാക്കി ..
മുത്തശ്ശൻ തന്നെ ഒന്നുകൂടി ചേർത്തണച്ചുകിടത്തി ...
" ന്റ കുട്ടീട വിധ്യങ്ങനെയാകും ....ല്ലാന്ടെന്താ പറയാ..." മുത്തശ്ശൻ പറഞ്ഞു .
ഇത്രേം വിഷമിപ്പിക്കുന്ന ഒരു വിശേഷം ഉണ്ടാകുമെന്നു മനസ്സാ വിചാരിച്ചിരുന്നില്ല ...
മുത്തശ്ശൻ .......പാവം എത്ര നാളായികാണും ഈ വിഷമം ഒറ്റയ്ക്ക് മനസ്സില് വെച്ച് നടക്കാൻ തുടങ്ങീട്ടാവോ ....
മുത്തശ്ശൻ പണ്ടേ ഇങ്ങിനെ പല രഹസ്യങ്ങളും തന്നോട് മാത്രമേ പറയാറുള്ളൂ ...

ശിവശങ്കരമാമ്മക്ക് ഒന്നും സംഭവിക്കരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഈ കഥയുടെ പൂര്ണരൂപം " മാരിവില്ല്  വോള്യം രണ്ടിൽ " ഉണ്ടായിരിക്കും ...